Folowers

Wednesday 2 September 2020

സെപ്റ്റംബർ 2-ാം തിയതി ലോക നാളികേര ദിനം ആചരിക്കുന്നു.

യുഎൻ സാമൂഹിക സാമ്പത്തിക കമ്മിഷനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട നാളികേര സമൂഹത്തിന്റെ ( ഐസിസി ) സ്ഥാപക ദിനം എന്ന നിലയിലാണ് സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നത് . ഐസിസിയുടെ സ്ഥാപക അംഗം കൂടിയാണ് ഇന്ത്യ.ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ നിർദേശ പ്രകാരമാണ് നാളികേര ദിനം ആചരിച്ചു വരുന്നത്.
ഇന്ത്യയിൽ നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിലാണ് എല്ലാ വർഷവും നാളികേര ദിനാചരണം.
ലോകത്തെ രക്ഷിക്കാൻ നാളീകേരമേഖലയിൽ നിക്ഷേപിക്കൂ എന്നതാണ് ഈ വർഷത്തെ പ്രമേയം
കേര ഉല്പന്നങ്ങളുടെ വര്‍ദ്ധന, ഉല്പന്നവൈവിധ്യവല്‍ക്കരണം, മൂല്യവര്‍ദ്ധന എന്നിങ്ങനെ കൃഷിക്കാരുടെ സാമ്പത്തികാടിത്തറ വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ലോക നാളികേരദിനാഘോഷം.

ഒരു മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ തെങ്ങിനോളം സ്വാധീനം ചെലുത്തിയ ഒരു സസ്യം ഉണ്ടാവില്ല. അതുകൊണ്ടു തന്നെയാണ് നമ്മള്‍ കല്പവൃക്ഷമായി തെങ്ങിനെ കാണുന്നതും.
അടി മുതല്‍ മുടിവരെ ഉപയോഗയോഗ്യമായ ശ്രേഷ്ഠവൃക്ഷം.തെങ്ങ് ഒരു മംഗളവൃക്ഷം കൂടിയാണ്.
തെങ്ങിന്‍ പൂക്കല, കുരുത്തോല, ഇളനീര്‍ എന്നിവ മംഗള കര്‍മ്മങ്ങള്‍ക്ക് ഒഴിച്ചു കൂടാനാവില്ല. തെങ്ങിന്‍ പൂക്കുല ആയൂര്‍വേദ ചികിത്സയിലും പ്രധാനമാണ്.
കരിക്ക് ദാഹശമിനിയാണ്, ഊര്‍ജ്ജദായകമാണ്. ശരീരത്തിന് പെട്ടെന്ന് ഗ്ളുക്കോസ് നല്‍കാന്‍ ഇതുപോലെ വിശ്വസ്തമായ വഴിയില്ല.കാരണം കരിക്കിന്‍ വെള്ളം തീര്‍ത്തും ശുദ്ധമാണ്.
തെങ്ങിന്‍ തടി വീട് പണിക്കു ഉത്തമം.ഓലമെടഞ്ഞ വീടുകള്‍ ഒരുകാലത്തു നമ്മുടെ നാട്ടിന്‍ പ്രദേശത്തു അനവധിയായിരുന്നു.
തേങ്ങ കേരള പാചകത്തിന്‍റെ തനിമയാണ്. തേങ്ങയരച്ച കറികള്‍ തേങ്ങാപ്പാലും ചേര്‍ത്ത കറികള്‍ കേരളത്തിലും ശ്രീലങ്കയിലുമാണ് ഏറെ കാണുക.തേങ്ങ സമ്പൂര്‍ണ ഭക്ഷ്യവസ്തുവാണ്.കൂടാതെ
ചിരട്ടയില്‍ നിന്ന് കരിയും എണ്ണയും ലഭിക്കും, തൊണ്ട്കത്തിക്കാനുപയോഗിക്കുന്നു. കയറുണ്ടാക്കുന്നത് തൊണ്ടഴുക്കി ചകിരിയെടുത്ത് പിരിച്ചാണ്. കയര്‍,  വെളിച്ചെണ്ണപോലെ കേരളത്തിന്‍റെ സമ്പദ്ഘടനയുടെ പ്രധാന ഘടകമാണ്.ഓലയും മടലും ചിരട്ടയും കൊതുമ്പും കുലച്ചില്ലയും തെങ്ങില്‍ തടിയുമെല്ലാം ഒന്നാം തരം ഇന്ധനങ്ങളാണ്.
ചകിരി ഉത്പന്നങ്ങളും തെങ്ങിന്റെ തടികൊണ്ടുണ്ടാക്കിയ മര ഉപകരണങ്ങളും, ഈര്‍ക്കില്‍ ചൂലു മുതല്‍ ഓല കൊണ്ടുണ്ടാക്കിയ പന്ത് വരെ ഒരു മലയാളി ജീവിതത്തിന്റെ നേര്‍ കാഴ്ചകളാണ്. നാം പാടി പഠിച്ച
കേരം തിങ്ങും കേരള നാട് എന്ന കവിമൊഴി ഇന്ന് ഒരു അലങ്കാരം മാത്രമായി തീരുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്.  കേരളത്തിന്റെ മുഖ മുദ്രയായ തെങ്ങിനെക്കുറിച്ചു ചിന്തിക്കുന്ന ആളുകള്‍ തന്നെ വിരളമാണ്. ഒരു കാലത്തു നമ്മുടെ നാട്ടില്‍ സമൃദ്ധമായിരുന്ന തെങ്ങിന്‍തോപ്പുകള്‍ ഇന്ന് മറ്റു നാണ്യവിളകള്‍ക്കും കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കുമായി വഴിമാറിക്കൊടുത്തിരിക്കുന്നു.
എങ്കിലും
നമ്മുടെ സംസ്‌കാരത്തിനെ തന്നെ ഉയര്‍ത്തിക്കാട്ടുന്ന ഈ കല്പ വൃക്ഷത്തെ നമുക്ക് കാത്തു രക്ഷിക്കാം.അത് നമ്മുടെ കടമയാണ്.വരും തലമുറക്കുള്ള നിക്ഷേപമാണ്. 

No comments:

Post a Comment

Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)