Folowers

Saturday 29 August 2020

National Sports Day wishes to all....


ഒാഗസ്റ്റ് 29 ലോക കായിക ചരിത്രത്തിലെ സുപ്രധാന ദിനമാണ്.രണ്ട് കായിക ഇതിഹാസങ്ങളാണ് ഇന്ന് ജന്മദിനം പങ്കിടുന്നത്.
ഇന്ത്യൻ ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍‌ ചന്ദ്, അമേരിക്കൻ ലോംഗ് ജംപ് ഇതിഹാസം ബോബ് ബീമൻ എന്നിവരുടെ ജന്മ ദിനമാണ് ആഗസ്ത് 29 ന്.
ഇന്ത്യയിൽ
ഇന്ന് ദേശീയ കായികദിനം.മൂന്ന് ഒളിംപിക്‌സുകളില്‍ രാജ്യത്തിന് സ്വര്‍ണമെഡൽ സമ്മാനിച്ച ഹോക്കി ഇതിഹാസം  ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 ദേശീയ കായികദിനമായി ആചരിച്ചുവരുന്നു.ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാന കളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ഓഗസ്റ്റ് 29ന് അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്.
1932ലെ ഒളിമ്പിക്സ് ഹോക്കി. ഇന്ത്യയും അമേരിക്കയും തമ്മിലാണ് മത്സരം. കളി പകുതിയായപ്പോള്‍തന്നെ ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലാണ്. കളിക്കളം നിറഞ്ഞുകളിച്ച ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഹോക്കി സ്റ്റിക്കില്‍ എന്തോ മന്ത്രവിദ്യയുണ്ടെന്ന പരാതിയുമായി ഒരു അമേരിക്കന്‍താരം ബഹളംവച്ചു. ഇന്ത്യന്‍ കളിക്കാരനാവട്ടെ തന്റെ ഹോക്കി സ്റ്റിക്ക് ആ കളിക്കാരന് പകരം നല്‍കി. അയാളുടെ സ്റ്റിക്ക് ഉപയോഗിച്ച് കളിച്ചു. ഒരു വ്യത്യാസവും ഉണ്ടായില്ല. അമേരിക്കയുടെ ഗോള്‍വല നിറഞ്ഞുകൊണ്ടേയിരുന്നു. കളി അവസാനിച്ചപ്പോള്‍ ഗോള്‍ നില 24-1. എതിരാളികളെ അതിശയിപ്പിച്ച ആ ഇന്ത്യന്‍ പ്രതിഭയുടെ പേരാണ് ധ്യാന്‍ചന്ദ്.
1928ലായിരുന്നു ധ്യാന്‍ ചന്ദ് ആദ്യമായി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്. ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും 1956ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു. 1979 ഡിസംബര്‍ 3ന് അദ്ദേഹം അന്തരിച്ചു.ധ്യാന്‍ചന്ദ് ഇന്ത്യന്‍ ഹോക്കിക്ക് നല്‍കിയ വിസ്മയാവഹങ്ങളായ പ്രകടനങ്ങള്‍ വിലമതിക്കാവുന്നതല്ല.ഫുട്ബാളില്‍ പെലെയ്ക്കുള്ള സ്ഥാനമാണ്, അതിനും മേലെയാണ് ഹോക്കിയില്‍ ധ്യാന്‍ചന്ദ്. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പരമോന്നതമായ ഇന്ത്യന്‍ ദേശീയ പുരസ്കാരം ധ്യാന്‍ചന്ദിന്റെ പേരിലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മത്സരരംഗത്ത് നിന്ന് വിരമിച്ചതിനുശേഷവും കായികരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ്.
അദ്ദേഹത്തിന്റെ ആത്മകഥ *"ദി ഗോള്‍'* ഇന്ത്യന്‍ ഹോക്കിയുടെ വിശേഷങ്ങള്‍ കൂടിയാണ്.

ഓരോ അന്തരാഷ്ട്ര മത്സരം കഴിയുമ്പോഴും  ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളുടെ ആള്‍ബലം പോലുമില്ലാത്ത രാജ്യങ്ങള്‍ മെഡല്‍പട്ടികയില്‍ ആദ്യസ്ഥാനം കൈയടക്കുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ മാത്രം പിന്തള്ളപ്പെടുന്നു? ഇത്തരം ചിന്തകള്‍ സജീവമാക്കാനും അതിനുസൃതമായി പ്രവര്‍ത്തനപരിപാടികള്‍ രൂപപ്പെടുത്താനും ദേശീയ കായിക ദിനാചരണത്തിലൂടെ കഴിയണം. ചെറുപ്പത്തില്‍തന്നെ കഴിവുള്ള കുട്ടികളെ കണ്ടെതത്തി   അര്‍ഹരായവര്‍ക്ക് നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം നൽകിയാൽ  മാത്രമേ  കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാനാവൂ. കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം കായികദിന ചിന്തകള്‍ പരിമിതപ്പെടരുത്. ആരോഗ്യമുള്ള മനസ്സും ശരീരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തണം. സ്കൂള്‍ തലത്തിലെ   കായികവിദ്യാഭ്യാസത്തിന്
 ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും. വിദ്യാഭ്യാസലക്ഷ്യംതന്നെ ശാരീരിക-മാനസിക വികാസമാണ്. ശാരീരികക്ഷമത പഠനത്തെ ഗുണകരമായി ബാധിക്കും. കായികവിദ്യാഭ്യാസം ചിട്ടയാവുന്നതോടെ ആരോഗ്യമുള്ള പുതുതലമുറ സൃഷ്ടിക്കപ്പെടും. സ്കൂള്‍തലത്തില്‍ നടപ്പാക്കുന്ന വ്യത്യസ്തങ്ങളായ കായിക പ്രവര്‍ത്തനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കി  കുട്ടികൾ താല്‍പര്യമുള്ള ഏതെങ്കിലും ഇനങ്ങളില്‍ സ്ഥിരപരിശീലനം നേടുക. ഇത് മത്സര വിജയത്തിനപ്പുറം മാനസികോല്ലാസവും നല്‍കും.സ്‌പോര്‍ട്‌സ് എന്നാല്‍ കായികമായ ശാരീരിക സ്വാസ്ഥ്യവും, മാനസികമായ ജാഗ്രതയും, വ്യക്തിത്വ വര്‍ദ്ധനവുമാണ്. സ്കൂള്‍ മുതല്‍ ദേശീയതലംവരെ നീളുന്ന സ്കൂള്‍ കായികമേളയ്ക്ക് തയ്യാറെടുക്കാം.പല കായിക പ്രതിഭകളെയും കേരളത്തിന് സംഭാവനചെയ്തത് ഇത്തരം മേളകളാണ്

വളരെയധികം ഊര്‍ജ്ജസ്വലതയോടും, അഭിനിവേശത്തോടും സ്‌പോര്‍ട്‌സിനെ ആരാധിക്കുന്ന എല്ലാ കായികതാരങ്ങൾക്കും  കായികപ്രേമികൾക്കും ദേശീയ കായികദിനത്തില്‍ ആശംസകൾ

Saeed V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL PERINJANAM

Wednesday 26 August 2020

മഹ്മൂദിയ്യ സ്കൂൾ ഓൺലൈൻ പാർലിമെന്റ് ഇലെക്ഷൻ ഫലം പ്രഖ്യാപിച്ചു


മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പാർലിമെന്റ് ഇലെക്ഷൻ (2020) ആഗസ്ത് 25(ചൊവ്വാഴ്ച)ന്  നടന്നു. ഹെഡ് ബോയ്, ഹെഡ് ഗേൾ, ജനറൽ ക്യാപ്റ്റൻ (ഗേൾ &ബോയ്)
എന്നീ പോസ്റ്റുകളിലേക്ക് ആണ് ഇലെക്ഷൻ നടന്നത്.തിബിയാൻ  മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് വോട്ടവകാശം നൽകി. 
ഗൂഗിൾ ഫോം മുഖേനയാണ്  ബാലറ്റ് പേപ്പർ തയാറാക്കിയത്‌. 3.30 ന് പ്രിൻസിപ്പൽ സഈദ് സർ ആദ്യ വോട്ട് ഓൺലൈൻ മുഖേന രേഖപ്പെടുത്തി തുടർന്ന് സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ലിങ്ക് ഉപയോഗിച്ച് കുട്ടികൾക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കി. ആഗസ്ത് 24 ന് മീറ്റ് ദി ക്യാൻഡിഡേറ്റ് പ്രോഗ്രാം സൂം പ്ലാറ്റഫോമിലൂടെ നടന്നു.
സ്ഥാനാർഥികളുടെ പ്രചാരണ വിഡിയോ, പോസ്റ്റർ എന്നിവ  കുട്ടികൾക്ക് വാട്സ്ആപ്പ് മുഖേന  ലഭ്യമാക്കി.തിബിയാൻ മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികളും അധ്യാപകർ, അനധ്യാപകർ എന്നിവരും തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ച സ്കൂൾ പാർലിമെന്റ്  തെരഞ്ഞെടുപ്പു ഫലം 26.8.2020 ന്  സ്കൂൾ പ്രിൻസിപ്പൽ സഈദ് സർ പ്രഖ്യാപിച്ചു.352 വോട്ട് നേടി  മുഹമ്മദ്‌ ജാബിറും 232 വോട്ട് നേടി നജ പർവിനും ക്യാബിനറ്റ്  ഹെഡ് സ്ഥാനം നേടി. 237 വോട്ടോടെ മുഹമ്മദ്‌ ജാസിറും, 189 വോട്ടോടെ നസ്റീന നൗഷാദും ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വിജയിച്ചു. മുഹമ്മദ്‌ റാസിഖ്, റുമൈസ എന്നിവർ അസിസ്റ്റന്റ് ഹെഡ് മെമ്പർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിജയികളെയും തെരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റു സ്ഥാനാർഥികളെയും പ്രിൻസിപ്പാൾ സൂം മീറ്റിംഗിൽ അഭിനന്ദിച്ചു.

Tuesday 25 August 2020

മഹ്മൂദിയ്യ സ്കൂൾ പാർലിമെന്റ് ഓൺലൈൻ ഇലെക്ഷൻ ആഗസ്ത് 25 ന്

പ്രിന്‍സിപ്പള്‍ സഈദ് വി എച്ച്  ആദ്യ വോട്ട് രേഖപെടുത്തുന്നു. 

മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പാർലിമെന്റ് ഇലെക്ഷൻ (2020) ആഗസ്ത് 25(ചൊവ്വാഴ്ച)ന്  നടന്നു.ഹെഡ് ബോയ്, ഹെഡ് ഗേൾ, ജനറൽ ക്യാപ്റ്റൻ (ഗേൾ &ബോയ്)എന്നീ പോസ്റ്റുകളിലേക്ക് ആണ് ഇലെക്ഷൻ നടക്കുന്നത്.
തിബിയാൻ  മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് വോട്ടവകാശം നൽകി. ഗൂഗിൾ ഫോം മുഖേനയാണ്  ബാലറ്റ് പേപ്പർ തയാറാക്കിയത്‌. 3.30 ന് പ്രിൻസിപ്പൽ സഈദ് സർ ആദ്യ വോട്ട് ഓൺലൈൻ മുഖേന രേഖപ്പെടുത്തി തുടർന്ന് സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ  ഷെയർ ചെയ്ത ലിങ്ക് ഉപയോഗിച്ച് കുട്ടികൾക്ക്  വോട്ട് ചെയ്യാൻ സൗകര്യമൊരുക്കി. ആഗസ്ത് 24 ന് മീറ്റ് ദി ക്യാൻഡിഡേറ്റ് പ്രോഗ്രാം സൂം പ്ലാറ്റഫോമിലൂടെ നടന്നു.സ്ഥാനാർഥികളുടെ പ്രചാരണ വിഡിയോ, പോസ്റ്റർ എന്നിവ  കുട്ടികൾക്ക് വാട്സ്ആപ്പ് മുഖേന  ലഭ്യമാക്കി.തിബിയാൻ മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികളും അധ്യാപകർ, അനധ്യാപകർ എന്നിവർ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ച സ്കൂൾ പാർലിമെന്റ്  തെരഞ്ഞെടുപ്പു ഫലം നാളെ (26.8.2020)ന് സ്കൂൾ പ്രിൻസിപ്പൽ സഈദ് സർ പ്രഖ്യാപിക്കും


Friday 31 July 2020

ബലി പെരുന്നാൾ: ആത്മസമർപ്പണത്തിൻ്റെയും വിശ്വാസപൂർണതയുടെയും ഓർമ്മപുതുക്കൽ


വിശ്വാസപൂർണതയുടെയും  ത്യാഗത്തിന്റെയും സ്നേഹത്തിന്റേയും സ്മരണയില്‍ ലോക മുസ്‌ലിം ജനത  ബലിപെരുന്നാള്‍ ആഘോഷിക്കുന്നു
*പ്രവാചകനായ ഇബ്രാഹിം,പത്‌നി ഹാജറ,മകന്‍ ഇസ്മാഈല്‍* *എന്നിവരുടെ സമര്‍പ്പിത ജീവിതമാണ് ഹജ്ജിലും ബലിപെരുന്നാളിലും സ്മരിക്കപ്പെടുന്നത്.* വാർധക്യത്തിൽ ലഭിച്ച പ്രിയമകനെ ബലി നൽകണമെന്നു നിർദേശം ലഭിച്ചപ്പോൾ വിശ്വാസത്തിന്റെ ദൃഢതയിൽ ഇബ്രാഹിം നബി അതിനു തയാറാവുകയും 
 ബലിനൽകുന്ന സമയത്ത് ഇബ്രാഹിമിൻ്റെ ഭക്തിയിൽ അള്ളാഹു സംപ്രീതനായി മകനെ മാറ്റി ആടിനെ ബലിനൽകാൻ കൽപ്പിക്കുകയും ചെയ്തു എന്ന വിശ്വാസത്തിലധിഷ്ഠിതമായാണ് പെരുനാളിനോടനുബന്ധിച്ചു  ബലിയറുക്കൽ ചടങ്ങ് നടത്തിവരുന്നത്.
*ഹജ്ജ് കർമ്മത്തിന്റെ നന്മകൂടിയാണ് ബലിപെരുന്നാൾ*.  എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും വെളുത്തവനെന്നോ കറുത്തവനെന്നോ തരംതിരിവില്ലാതെ  ജനലക്ഷങ്ങള്‍  പരിശുദ്ധ ഹറമില്‍  സംഗമിക്കുമ്പോള്‍ വിശ്വാസത്തിന്റെ തക്ബീർനാൽ നാമും മനസ്സ് കൊണ്ട് അവരോടൊപ്പം ചേരുന്ന പുണ്യം.
എല്ലാവരും സമന്മാരും  സഹോദരന്മാരുമാണെന്ന  വലിയ ചിന്തയോടൊപ്പം  തന്നെ ദൈവ പ്രീതിക്കായി പോലും മനുഷ്യനെ ബലിനൽകരുതെന്നുമുള്ള വലിയ സന്ദേശമാണ് ബലി പെരുന്നാൾ ലോകത്തിനു നൽകുന്നത്. 
കുടുംബബന്ധങ്ങള്‍ ചേര്‍ക്കുവാനും 
ഉറ്റവരെയും ഉടയവരെയും ചേര്‍ത്ത് പിടിക്കാനുമാണ് പെരുന്നാള്‍ ദിനത്തില്‍ നാം പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടത്. 

*കോവിഡ് -19 നെ അതിജീവിക്കാനുള്ള നമ്മുടെ ശ്രമത്തിനിടയിലും പ്രിയപ്പെട്ട വരോടൊപ്പം മനസ്സുകൊണ്ട് ചേർന്നു നിൽക്കാം.....അകലങ്ങളിരുന്നു കൊണ്ട്* *തന്നെ....*
*അതിജീവനത്തിന്റെ വഴികളിൽ*
*ജീവിത പരീക്ഷണങ്ങളെ  ഇബ്രാഹിം നബിയുടെ പാതയില്‍ ആത്മസംയമനത്തോടെ  നേരിടാന്‍ തയാറെടുക്കേണ്ട സമയം കൂടിയാണ് ഈ ബലി പെരുന്നാള്‍ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്* 

*🕋🌙ഏവർക്കുംപെരുന്നാൾ സന്തോഷങ്ങൾ നേരുന്നു.....  ആശംസകളോടെ......* 🕋🌙

Saeed V H
PRINCIPAL
MAHMOODIYYA ENGLISH SCHOOL PERINJANAM

Wednesday 29 July 2020

International Tiger Day


July 28 Nature Conservation Day


 




ജൂലായ് 28: ലോക പ്രകൃതി സംരക്ഷണ ദിനം
 
ഈ ദിനം  ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം പ്രകൃതി വിഭവങ്ങളും ആവാസ വ്യവസ്ഥകളും സംരക്ഷിക്കുക, പരിപാലിക്കുക, സംരക്ഷിക്കുക എന്നിവയാണ്.  പ്രകൃതിവിഭവങ്ങളുടെ അപചയവും ആവാസവ്യവസ്ഥയിലെ അസന്തുലിതാവസ്ഥയും കാരണം, പ്രകൃതി ദുരന്തങ്ങൾ, ആഗോളതാപനം, വിവിധ രോഗങ്ങൾ തുടങ്ങി നിരവധി അപകടങ്ങളെ ലോകജനത  അഭിമുഖീകരിക്കുന്നു.  അതിനാൽ ഈ പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുള്ള ഒരേയൊരു പരിഹാരം ലോകമെമ്പാടുമുള്ള ജനങ്ങളിൽ അവബോധം സൃഷ്ടിച്ച് പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുകയെന്നതും നിലവിലുള്ളതും ഭാവിതലമുറയും ഫലപ്രദമായി പരിസ്ഥിതിയെ സംരക്ഷിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.
ലോകത്തിലെ ഓരോ പ്രവർത്തനവും പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ നാം ചെയ്യുന്ന ഏത് പ്രവർത്തനവും ഭൂമിയെ ബാധിക്കുമെന്ന്  മനസ്സിലാക്കണം.  പ്രകൃതി സംരക്ഷണം എല്ലാ മനുഷ്യർക്കും ഭൂമിയിലെ അവരുടെ ജീവിതത്തിന്  വളരെ പ്രധാനമാണ്.  വെള്ളം, വായു, മരങ്ങൾ, മൃഗങ്ങൾ, ഭക്ഷണം, മണ്ണ്, ധാതുക്കൾ മുതലായവ ജീവിക്കാൻ അത്യാവശ്യമാണ്.  എല്ലാം പരസ്പരം ബന്ധപെട്ടിരിക്കുന്നു. വനനശീകരണം, വന്യജീവികളുടെ അനധികൃത വ്യാപാരം, മലിനീകരണം, പ്ലാസ്റ്റിക് ഉപയോഗം, രാസവസ്തുക്കൾ, വ്യാവസായിക സംഭവവികാസങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ പ്രകൃതിക്ക് ഭീഷണിയാണ്.  പ്രകൃതിവിഭവങ്ങൾ പരിമിതമാണ്.പ്രകൃതിയെ സംരക്ഷിക്കുകയും ഭാവി തലമുറകൾക്ക് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് .
   
 നാം ചെയ്യുന്ന ഓരോ കുഞ്ഞു കാര്യങ്ങൾ ഭാവിയിലേക്കുള്ള കരുതലാണ്. നമുക്കും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാകാം.... കൊച്ചു കൊച്ചു പ്രവർത്തികളിലൂടെ..... 

 ആവാസവ്യവസ്ഥ നിലനിർത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും കൂടുതൽ മരങ്ങൾ നടുക

 ജലസ്രോതസ്സുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുക, തോട്ടങ്ങളിൽ നനയ്ക്കുന്നതിന് അടുക്കളയിലെ വെള്ളം വീണ്ടും ഉപയോഗിക്കുക

 വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുക

 പുനരുപയോഗം ചെയ്യാവുന്നതും ജൈവ നശീകരണ ഉൽപ്പന്നങ്ങളും ഉപയോഗിക്കുക

 മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നത് ഉറപ്പാക്കുക

 കുറഞ്ഞ ദൂരത്തേക്ക് കാറുകളുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുക

 പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകളോ തുണി ബാഗോ ഉപയോഗിക്കുക

 ഓർഗാനിക് കമ്പോസ്റ്റ് ഉപയോഗിച്ച് സ്വന്തം പച്ചക്കറികൾ വളർത്തുക

  മഴവെള്ള സംഭരണം ശീലമാക്കാം  

 പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക തുടങ്ങിയ കൊച്ചു ശീലങ്ങൾ നമ്മുടെ പ്രകൃതിയുടെ, ഭൂമിയുടെ സംരക്ഷണത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ കഴിഞ്ഞാൽ അത് നമുക്കും നമ്മുടെ ഭാവി തലമുറക്കുമുള്ള കരുതലുകൾ ആയി മാറുന്നു.എല്ലാ മത വിഭാഗങ്ങളും പ്രകൃതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നു.അന്ത്യപ്രവാചകനായ നബി(സ )തിരുമേനിയുടെ പരിസ്ഥിതി സ്നേഹത്തിന്റെ ചില സന്ദർഭങ്ങൾ നമുക്ക് നോക്കാം... 

ഒരിക്കല്‍ നബി (സ) സഅ്ദ് ബ്‌നു അബീവഖാസിന്റെ അടുത്തു കൂടി നടന്നു പോവുകയായിരുന്നു. അദ്ദേഹമാവട്ടെ വുദു എടുത്തു കൊണ്ടിരിക്കുകയായിരുന്നു. പ്രവാചന്‍ പറഞ്ഞു: എന്തൊരു ധൂര്‍ത്താണ് സഅ്‌ദേ ഇത്?. വുദുവിലും ദൂര്‍ത്തൊക്കെയുണ്ടോ? അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രവാചകന്‍ പറഞ്ഞു: അതെ, അതൊരു ഒരു ഒഴുകുന്ന നദിയില്‍ നിന്നാണെങ്കിലും.’ (മുസ്‌ലിം, അബൂദാവൂജ്, തിര്‍മുദി/ ജാബിര്‍ ബ്‌നു അബ്ദില്ല)
വൃക്ഷലതാദികള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യം കുറിക്കുന്ന ഒരു നബിവചനം കാണുക: ‘അന്ത്യനാള്‍ സംഭവിക്കുകയാണെന്നരിക്കട്ടെ, അപ്പോള്‍ നിങ്ങളിലൊരാറുടെ കൈയില്‍ ഒരു തൈ ഉണ്ടെങ്കില്‍ നടാന്‍ സാധിക്കുമെങ്കില്‍ അവനത് നട്ടുകൊള്ളട്ടെ’ (അഹ്മദ്).

വര്‍ത്തമാന കാലത്ത് ഏറെ ചര്‍ച്ചയായ പരിസ്ഥിതി സുരക്ഷാ ചര്‍ച്ചകളില്‍ തിരുനബി(സ്വ)യുടെ ചര്യയും ഇസ്‌ലാമിക പാഠങ്ങളും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണ്.
പ്രകൃതി വിഭവങ്ങളെ സൂക്ഷിച്ചുഉപയോഗിക്കാൻ പഠിപ്പിച്ച നബി തിരുമേനിയെ നമുക്ക് മാതൃക യാക്കാം. 

 
 

Friday 24 July 2020

*വിജയമധുരമേകാൻ വിജയികളുടെ വീടുകൾ സന്ദർശിച്ചു മഹ്മൂദിയ്യഃ കുടുംബം*

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയിൽ നൂറുമേനി വിജയം നേടിയ മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂളിലെ   2019-20  അധ്യയനവർഷത്തിൽ   ഉന്നതവിജയം കരസ്ഥമാക്കിയ ഹസ്ന കെ എച്ച്, ഹഷ്മിയ കെ എച്ച്, അലീന കെ ആർ   എന്നീ കൊച്ചുമിടുക്കികളെ  അവരുടെ വീടുകളിൽ ചെന്ന്   അനുമോദിച്ചു.  
ചടങ്ങുകൾ  ഗൃഹാങ്കണ പരിമിതമായ നമ്മുടെ  ഇന്നെത്ത ചുറ്റുപാടിൽ    സ്കൂൾ പ്രിൻസിപ്പൽ സഈദ് വി.എച്ച്, മാനേജർ മുഫ്തിക്കർ അഹമ്മദ്‌,  അഡ്മിനിസ്ട്രേറ്റർ ശംസുദ്ധീൻ ടി എച്ച് എന്നിവർ ക്ലാസ്സ്‌ ടീച്ചേഴ്സിനോടൊപ്പം  കുട്ടികളുടെ  വീടുകൾ സന്ദർശിച്ചായിരുന്നു മധുരം നൽകി അനുമോദിച്ചത് . തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർ വീട്ടിലെത്തി നേരിട്ട്  അനുമോദനങ്ങൾ നൽകിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സന്തോഷം നൽകി. 

  
Get this widget

മംഗ്ലീഷില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)